World

ലഹരി ഉപയോഗം തുറന്നുപറഞ്ഞതിന് ക്രൂരപ്രതികാരം! ഏഴാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; സഹപാഠികൾ പോലീസ് പിടിയിൽ

Please complete the required fields.




ചത്ര: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ ചാരു ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഏഴാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ചയാണ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ ഇത് കൊലപാതകമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 14നും 16നും ഇടയിൽ പ്രായമുള്ള നാല് വിദ്യാർഥികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്.ഡി.പി.ഒ) സണ്ണി വർധൻ വെള്ളിയാഴ്ച അറിയിച്ചു.

കസ്റ്റഡിയിലുള്ളവരിൽ മൂന്ന് പേർ എട്ടാം ക്ലാസുകാരും ഒരാൾ ഏഴാം ക്ലാസുകാരനുമാണ്. പ്രതികളായ വിദ്യാർഥികൾ മുറുക്കാനും സിഗരറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, ഇക്കാര്യം കൊല്ലപ്പെട്ട വിദ്യാർഥി സ്കൂൾ പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനെയും പലതവണ അറിയിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതിലുള്ള പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

മഫ്ളർ അല്ലെങ്കിൽ സ്കാർഫ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. നവംബർ 24ന് രാവിലെ വിദ്യാർഥി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കാണിച്ച് സ്കൂളിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചതായി കുട്ടിയുടെ അമ്മാവൻ മനോജ് ഹെംബ്രാം പറഞ്ഞു.

“ഞാൻ ഉടൻ ഗിരിദിഹിൽ നിന്ന് ചത്രയിലേക്ക് തിരിച്ചു. കോഡെർമയിൽ എത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ ചെവിയിലും മൂക്കിലും രക്തക്കറയും കഴുത്തിൽ പാടുകളും കണ്ടു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പോൾ തന്നെ സംശയിച്ചു,” ഹെംബ്രാം പറഞ്ഞു.

അതേസമയം, വിദ്യാർത്ഥികൾക്കെതിരെ കുട്ടിയിൽ നിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ വാദം. സംഭവം നടക്കുമ്പോൾ താൻ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നും ഫോണിലൂടെയാണ് വിവരം അറിഞ്ഞതെന്നും, പിറ്റേദിവസമാണ് സ്കൂളിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button