World

വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരങ്ങൾ പിടിയിൽ

Please complete the required fields.




ഝാർഖണ്ഡിലെ ഗുമ്ലയിൽ ഭാര്യമാർ തമ്മിലുള്ള ദീർഘകാല തർക്കം സഹിക്കാനാകാതെ രണ്ട് സഹോദരങ്ങൾ സ്വന്തം ഭാര്യമാരെ കൊന്ന് കുഴിച്ചുമൂടിയതായി പോലീസ്. ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹുവും സഹോദരൻ നവീൻ സാഹുവുമാണ് അറസ്റ്റിലായത്. മരിച്ചത് മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവർ ആണ്.

തിങ്കളാഴ്ച വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രാഥമിക വിവരം. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ അയൽ ജില്ലയായ സിംഡേഗയിലെ വനത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടുവെന്ന് ഗുമ്ല പോലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാ അറിയിച്ചു.

മിനിയും രാധികയും തമ്മിൽ വിവാഹം കഴിഞ്ഞതുമുതൽ വഴക്ക് തുടർന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഇരുവരുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നും, അപ്പോൾ ഒന്നും അസാധാരണമായി തോന്നിയില്ലെന്നും ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച സഹോദരങ്ങൾ ആദ്യം പോലീസിനോട് പറഞ്ഞത് ഭാര്യമാർ തങ്ങളോട് പറയാതെ എങ്ങോട്ടോ പോയെന്നാണ്. എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് സമാ പിടിഐയോട് പറഞ്ഞു. പിന്നാലെ അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനത്തിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച ആംബുലൻസും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button