World

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം സെൽഫിയെടുത്ത് മലയാളി ബാലൻ; വൈറലായി ‘എ.ഐ കിഡ് ഓഫ് ഇന്ത്യ’ റൗൾ ജോൺ അജു

Please complete the required fields.




മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം സെൽഫിയെടുത്ത് ‘എ.ഐ കിഡ് ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന മലയാളി ബാലൻ റൗൾ ജോൺ അജു. മോസ്കോയിൽ നടന്ന ‘എ.ഐ ജേർണി 2026’ സമ്മേളനത്തിനിടെ റഷ്യൻ പ്രസിഡന്റിനെ നേരിൽ കണ്ട സന്തോഷവും ചിത്രവും ഈ പതിനാറുകാരൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്.

ഒമ്പതാം വയസ്സിൽ ബാത്റൂമിൽ വെച്ച് ആദ്യ വിഡിയോ ചിത്രീകരിച്ചതിൽ നിന്ന്, റഷ്യൻ പ്രസിഡന്റ് പുടിനൊപ്പം സെൽഫിയെടുക്കുന്നിടത്തേക്ക് ജീവിതം എത്തിച്ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ‘റൗൾ ദ് റോക്സ്റ്റാർ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ അജു കുറിച്ചു. താൻ നേടിയ നേട്ടങ്ങളേക്കാൾ ഉപരിയായി, ഈ യാത്ര തന്നെ മാറ്റിയെടുത്ത രീതിക്കാണ് ഏറെ വില നൽകുന്നതെന്നും കുറിപ്പിൽ പറയുന്നു.

മോസ്കോയിലെ സമ്മേളനത്തിൽ ലോകത്തെ പ്രമുഖർക്കൊപ്പം ഇരിക്കാനായത് തന്റെ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തത നൽകി. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും, തന്നെക്കാൾ മിടുക്കരായ നിരവധി പേരെ ഈ യാത്രയിൽ കണ്ടുമുട്ടിയത് ഇനിയും പഠിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും റൗൾ വ്യക്തമാക്കി. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെനിന്ന എല്ലാവർക്കും നന്ദി പറഞ്ഞ താരം, താൻ ഇപ്പോഴും കൗതുകമുള്ള ഒരു കുട്ടി തന്നെയാണെന്നും കൂടുതൽ കഥകൾ പറയാനുണ്ടെന്നും കൂട്ടിച്ചേർത്തു.

ചെറുപ്രായത്തിൽ തന്നെ നിർമിത ബുദ്ധിയിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചാണ് റൗൾ ജോൺ അജു ശ്രദ്ധേയനായത്. വിഡിയോ എഡിറ്റിങ്ങിലൂടെയാണ് എ.ഐ സാങ്കേതികവിദ്യയോട് ആദ്യമായി താൽപര്യം ജനിച്ചത്. പിതാവിന് അഡോബിൽ ജോലി ലഭിച്ചതോടെ പ്രീമിയം ടൂളുകൾ സൗജന്യമായി ഉപയോഗിക്കാനും എ.ഐയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അവസരം ലഭിച്ചു.

പന്ത്രണ്ടാം വയസ്സിൽ സ്കൂൾ സയൻസ് പ്രോജക്റ്റിനായി ‘മീബോട്ട്’ എന്ന റോബോട്ടിനെ നിർമിച്ചതോടെ റൗൾ ഏറെ പ്രശംസ നേടിയിരുന്നു. സ്വന്തമായി രൂപപ്പെടുത്തിയ ‘എ.ഐ റിയൽ ടെക്നോളജീസ്’ എന്ന എ.ഐ സ്റ്റാർട്ടപ്പിന്റെ ഉടമ കൂടിയാണ് റൗൾ. ഇതിനോടകം പത്തിലധികം എ.ഐ ടൂളുകൾ വികസിപ്പിച്ചെടുത്ത ഈ മിടുക്കൻ, പൊതുസേവനങ്ങളിൽ എ.ഐ എങ്ങനെ സംയോജിപ്പിക്കാം എന്ന വിഷയത്തിൽ കേരള, ദുബായ് സർക്കാരുകൾക്ക് ഉപദേശവും നൽകിയിട്ടുണ്ട്.

വികസിപ്പിച്ച ടൂളുകളെല്ലാം ഒരൊറ്റ ബ്രാൻഡിന് കീഴിൽ കൊണ്ടുവരാനും, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളില്ലാതെ ക്യു.ആർ കോഡ് വഴി എളുപ്പത്തിൽ പണമടയ്ക്കാൻ കഴിയുന്ന പേമെന്റ് സംവിധാനം ഒരുക്കാനുമാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചതെന്ന് റൗൾ പറയുന്നു. പിതാവിനെയാണ് കമ്പനി നയിക്കാൻ റൗൾ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിദേശത്തുള്ളവർ ഉൾപ്പെടെയുള്ളവർ റൗളിന്റെ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്നുണ്ട്.’റൗൾ ദ് റോക്സ്റ്റാർ’ എന്ന സമൂഹമാധ്യമ അക്കൗണ്ടിന് നിലവിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. താൻ വികസിപ്പിച്ച ‘തിങ്ക്രാഫ്റ്റ്’ ആപ്പ് വഴി വിദ്യാർഥികൾക്ക് വീടുകളിൽ ഇരുന്നുതന്നെ ഗെയിം കളിക്കും പോലെ എ.ഐ പഠിക്കാമെന്നും റൗൾ പറയുന്നു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനായ റൗൾ, നോർത്ത് ഇടപ്പള്ളി ജി.എച്ച്.എസ്.എസിലാണ് നിലവിൽ പഠിക്കുന്നത്.

Related Articles

Back to top button