Kozhikode

ജനസ്പര്‍ശം ഫയല്‍ അദാലത്ത്: തദ്ദേശ വകുപ്പില്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക യജ്ഞം

Please complete the required fields.




കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞമായ ‘ജനസ്പര്‍ശ’ത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ക്ക് തുടക്കമായി. ഇതിലൂടെ ഓഫീസില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള 5,328 ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജീവനക്കാരുടെ യോഗം ചേര്‍ന്നു. യോഗതീരുമാനപ്രകാരം ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പുതുതായി ലഭിക്കുന്ന തപാലുകളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍പ്പാക്കാത്ത ഫയലുകള്‍ ഉദ്യോഗസ്ഥരുടെ ചുമതല അനുസരിച്ച് തരംതിരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ചുമതല അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കി.

തുടര്‍നടപടികളുടെ ഭാഗമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട റിപ്പോര്‍ട്ടുകള്‍, സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍, പരാതിക്കാര്‍ക്കും അപേക്ഷകര്‍ക്കും ലഭ്യമാക്കേണ്ട സേവനങ്ങള്‍ എന്നിവ പരിശോധിച്ച് പത്ത് ദിവസത്തിനകം ഫയലുകളില്‍ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കും. ഇതിനുശേഷം വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.

ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ് യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അനില്‍ കുമാര്‍ നോച്ചിയില്‍, ടി. ഷാഹുല്‍ ഹമീദ്, കെ.പി. മുഹ്സിന്‍, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ പി. പ്രിയ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button