ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചു; 21-ാം നിലയിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ലഖ്നൗ: ഗ്രേറ്റർ നോയിഡയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ഫ്ലാറ്റിന്റെ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 21-ാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഹർഷിത് ലവാനിയ (31) ആണ് മരിച്ചത്. ഭാര്യ ഫ്ലാറ്റിലെത്തിയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
2024-ൽ വിവാഹിതനായ ഹർഷിത് കഴിഞ്ഞ ആറുമാസമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഭാര്യ ഹർഷിത് താമസിക്കുന്ന ഫ്ലാറ്റിലെത്തി വാതിലിൽ മുട്ടുകയായിരുന്നു. വീണ്ടും വഴക്കുണ്ടാകുമെന്ന ഭയത്താൽ ഇയാൾ വാതിൽ തുറക്കാൻ തയ്യാറായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ഭാര്യ ഫോണിലൂടെ ബന്ധപ്പെടുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഹർഷിത് വാതിൽ തുറന്നില്ല. തുടർന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കുന്നതിനായി ഭാര്യ സുരക്ഷാജീവനക്കാരുടെ സഹായം തേടി. ഇതിനിടെയാണ് ഹർഷിത് ബാൽക്കണി വഴി പുറത്തുകടക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി 21-ാം നിലയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഹർഷിത് മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവ് ബാൽക്കണി വഴി പുറത്തുകടക്കാൻ ശ്രമിച്ചതിന്റെ കാരണവും അപകടം സംഭവിച്ച സാഹചര്യവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.





