നിയന്ത്രണം വിട്ട സ്വകാര്യ ബസ് മുന്നിലെ ബസിലേക്ക് ഇടിച്ചുകയറി; പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസ്, മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന മറ്റൊരു സ്വകാര്യ ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
മണിമലയിൽ നിന്ന് വരികയായിരുന്ന ‘ജെറിൻ’ എന്ന സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയത്. ഈ ബസ് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ‘ഫൗസിയ’ എന്ന ബസിന്റെ പുറകിൽ ശക്തമായി ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിലും മറ്റും മുഖമിടിച്ചാണ് യാത്രക്കാരിൽ പലർക്കും പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം കടുത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റവർ: പത്തനാട് ആനന്ദഭവനിൽ ഗ്രീഷ്മ (23), ആനന്ദഭവനിൽ റോജി (51), കാനംഭാഗം മാലത്ത് കുരുവിള (48), മണിമല സ്വദേശി മേരി (65), ചാമംപതാൽ ആലുമൂട്ടിൽ എബ്രഹാം ജോർജ് (55), ചിറക്കടവ് കൈപ്പലാനിക്കൽ സ്വർണകുമാരി (72), മണിമല വാലുമണ്ണേൽ സിന്ധു (49), പട്ടിമറ്റം പയറ്റക്കൽ ശശികല (63), പാറത്തോട് ചന്നാമാവുങ്കൽ രാജീവ് (31), കുപ്പക്കായം പുത്തൻവീട്ടിൽ സുശീല (51), വാഴൂർ മാമ്മൂട്ടിൽ ആമിന (25), കറിക്കാട്ടൂർ നാഗത്തിങ്കൽ സീബ (61), ചിറക്കടവ് സ്വദേശികളായ പൈനുങ്കൽ അശ്വതി (40), പാറോട്ടിൽ അംബിക (50), പാറോട്ടിൽ ആനന്ദ് (25), ഇടത്തിനകത്ത് മിനു (21).





