Thiruvananthapuram

‘ശരീരമാസകലം ഇടിച്ചു, വലിച്ചെറിഞ്ഞു…ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു’; ചിറയിൻകീഴിൽ യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Please complete the required fields.




തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നും യുവാവിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ശരീരമാസകലം ഇടിച്ചെന്നും കുടുംബം ആരോപിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി.

പ്രദേശത്ത് മദ്യവില്‍പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പ്രദേശവാസിയായ വയോധികനെ പൊലീസ് മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു സജി. ‘പൊലീസിനെ പിടിച്ചുമാറ്റാന്‍ നീ ആരാടാ’ എന്ന് ആക്രോശിച്ച് സജിക്ക് നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഹൃദ്രോഗിയാണെന്ന് സജി അറിയിച്ചിട്ടും പൊലീസ് മര്‍ദനം തുടര്‍ന്നു. എട്ടോളം പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദനം. ഉദ്യോഗസ്ഥര്‍ എത്തിയത് മഫ്തിയിലായിരുന്നു. മത്സ്യതൊഴിലാളിയായ സജി നിരപരാധിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ പൊലീസ് ഗുണ്ടായിസമാണ് കാണിച്ചതെന്നും ആരോപിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മൊഴിമാറ്റി പറയണമെന്ന രീതിയിലായിരുന്നു ഭീഷണിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അതേസമയം, വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button