അരിയിൽ ഷുക്കൂർ വധക്കേസ്: ഒന്നാം പ്രതി കെ.വി. സുമേഷ് അടക്കം ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; ആറ് പേർക്ക് ജാമ്യം

അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് കൊച്ചി സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ 13 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 18 പേരെ കേസിൽ വെറുതെ വിട്ടു.
കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ശിക്ഷ. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ, സജിത്, വി.വി.മോഹനൻ, പുരുഷോത്തമൻ, അജിത് കുമാർ, പി.പി.സുരേശൻ എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും അടക്കം 18 പേരെയാണ് കോടതി വെറുതെ വിട്ടത്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് ആക്രമിച്ചു എന്ന ആരോപണത്തെ തുടർന്നാണ് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയതെന്ന് കേസ് പറയുന്നു.
പി ജയരാജനും അന്ന് എംഎൽഎയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലീംലീഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടുംക്രൂരതയെന്നും ആരോപണമുണ്ട്. ഷുക്കൂർ അടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തകരെ പിന്നീട് സിപിഎമ്മുകാർ പിടിച്ചുനിർത്തി, അവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനൽകിയെന്നും, അവർ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷുക്കൂർ, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചെന്നും കേസ് രേഖകളിൽ പറയുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷുക്കൂർ മരിച്ചു.





