കിണറ്റിൽ കെട്ടിത്താഴ്ത്തിയത് കൊലയുടെ രഹസ്യങ്ങൾ; വെള്ളം വറ്റിച്ചപ്പോൾ പുറത്തുവന്നത് നിർണായക തെളിവുകൾ, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്

തിരുവനന്തപുരം: തിരുവനന്തപുരം പങ്ങപ്പാറ അഭിറാം വധക്കേസിൽ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പ്രതി ഉമറുമായുള്ള തെളിവെടുപ്പിനിടെയാണ് സാധനങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇവ കിണറിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കിണറിലെ വെള്ളം വറ്റിച്ച ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്.
അഭിറാമിനെ അപായപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ്, മൊബൈൽ ഫോൺ, അഭിരാം ധരിച്ചിരുന്ന വെള്ളി മാല, ഷർട്ട് എന്നിവയാണ് കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. അഭിറാമിനെ ഒന്നാം പ്രതിയായ പതിനേഴുവയസുകാരൻ ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങൾ അയച്ചാണ് വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറയുന്നു.
ആദ്യഘട്ടത്തിൽ തെളിവുകൾ എവിടെയെന്ന ചോദ്യത്തിന് പ്രതികൾ വ്യത്യസ്ത മറുപടികളാണ് നൽകിയതെന്ന് പൊലീസ് പറയുന്നു. പിന്നീട് വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എല്ലാം കിണറിൽ കെട്ടി താഴ്ത്തിയെന്ന് ഉമർ സമ്മതിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
തുടർന്ന് ഫയർ ഫോഴ്സിന്റെയും സ്കൂബ ടീമിന്റെയും സഹായത്തോടെ കിണർ പരിശോധിച്ചു. വരും ദിവസങ്ങളിൽ കണ്ടെത്തിയ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഉമർ അടക്കമുള്ള മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.





