ബന്ധത്തിന്റെ മറവിൽ ക്രൂരത; പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വലിയച്ഛന് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം : പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ഉത്തരവിട്ടത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം അധിക ശിക്ഷ അനുഭവിക്കണം. 2024 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയും പെൺകുട്ടിയും ഒരു വീടിന്റെ ഇരുനിലകളിലായാണ് താമസം. സ്കൂളിൽ പോകുന്നതിനായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ കൂട്ടുകാരി വഴിയാണ് അമ്മയും സ്കൂൾ അധ്യാപികയും വിവരം അറിഞ്ഞത്. തുടർന്ന് ശിശുക്ഷേമ സമിതിയിലും പൊലീസിലും രക്ഷിതാക്കൾ വിവരം അറിയിച്ചു. മുമ്പും പ്രതി പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് തുടർന്നപ്പോഴാണ് വിവരം എല്ലാവരെയും അറിയിച്ചത്. കുട്ടിയെ രക്ഷിതാക്കൾ ദത്തെടുത്തതായിരുന്നു. അതിനാൽ ജനന തീയതിയെ കുറിച്ച് അവർക്ക് കൃത്യമായി അറിവില്ലായിരുന്നു.
പെൺകുട്ടി പ്രായപൂർത്തിയായെന്നും പോക്സോ നിയമ പ്രകാരം കേസ് നിൽക്കില്ലെന്നും വിചാരണ സമയത്ത് പ്രതിഭാഗം വാദിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് (ossification test) അയക്കണമെന്ന് ഹർജി നൽകി. വൈദ്യപരിശോധനയിൽ കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. സുരഭി പി എന്നിവർ ഹാജരായി. കരമന പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് വി എസ്, വിപിൻ ആർ എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 18 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പിഴ തുകക്കൊപ്പം സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.





