World

മുറിയിൽ രക്തം പുരണ്ട കത്തി, പുറത്ത് കാറിടിച്ച് വീഴ്ത്തിയ മൃതദേഹം; കാലിഫോർണിയയിലെ മലയാളി യുവതികളുടെ മരണം: പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Please complete the required fields.




കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികളെ മരിച്ച നിലയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതി അനിലാ ബേബിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മനപ്പൂർവ്വമായ നരഹത്യ കുറ്റം ചുമത്തിയാണ് നടപടി. തൃശൂർ മുടിക്കോട് സ്വദേശിനിയായ അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്സിലാണ് അറസ്റ്റ്. കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാൽ പ്രതിക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് (ഓഗസ്റ്റ് 28) അഞ്ജനയുടെ മരണവാർത്ത തൃശൂരിലെ ബന്ധുക്കൾ അറിയുന്നത്. വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം അനില അമിതവേഗതയിൽ ഓടിച്ചെത്തിയ കാറിടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് തൃശൂർ സ്വദേശിനിയായ അഞ്ജന കൊല്ലപ്പെടുന്നത്.

അതേസമയം, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മുറിയിൽ നിന്ന് രക്തം പുരണ്ട കത്തി കണ്ടെടുത്തതായും അഞ്ജനയുടെ ബന്ധുക്കൾ പറയുന്നു. അഞ്ജന, അനില, ആൻ മേരി എന്നിവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ പെട്ടെന്നുണ്ടായ തർക്കത്തിന്റെ കാരണം വ്യക്തമല്ല.

കൊല്ലപ്പെട്ട അഞ്ജനയുടെ പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായി. മൃതദേഹം ഭർത്താവിനെ കാണിച്ചു. നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കാലിഫോർണിയയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് വർഷം മുൻപാണ് അഞ്ജന അവസാനമായി തൃശൂരിലെ വീട്ടിലെത്തിയത്. ഭർത്താവും ഏഴു വയസ്സുള്ള മകളുമാണ് അഞ്ജനയ്ക്കുള്ളത്.

Related Articles

Back to top button