Malappuram

മരിച്ചുപോയ ബന്ധുക്കളുടെ അടുത്തേക്ക് പോകണമെന്ന്, മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിമുഴക്കിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

Please complete the required fields.




മലപ്പുറം: മാനസിക വിഭ്രാന്തിയെ തുടർന്ന് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ മലപ്പുറം അഗ്നിരക്ഷാ സേന സാഹസികമായി താഴെയിറക്കി. ചൊവ്വാഴ്ച പുലർച്ചെ 12 മണിയോടെ മലപ്പുറം പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള കോട്ടക്കുന്ന് റോഡിലാണ് ഈ സംഭവം നടക്കുന്നത്.

സമീപത്തെ ക്വാർട്ടേഴ്സിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആസം സ്വദേശിയായ യുവാവാണ് പെട്ടെന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. മരിച്ചുപോയ തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോകണമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് ഇയാൾ മരത്തിൽ കയറിയത്. തുടർന്ന് ക്വാർട്ടേഴ്സിൽ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടൻ തന്നെ സ്ഥലത്തെത്തിച്ചേർന്നു. മരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പിലായിരുന്നു യുവാവ് നിലയുറപ്പിച്ചിരുന്നത്. ഇനിയും മുകളിലേക്ക് പോകണമെന്ന് വാശിപിടിച്ചുകൊണ്ട് ഇയാൾ കൊമ്പിൽ എഴുന്നേറ്റ് നിൽക്കുകയുണ്ടായി. ഇതേത്തുടർന്ന് അഗ്നിരക്ഷാ സംഘം ഉടൻ തന്നെ താഴെ സുരക്ഷാ വലവിരിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. മുഹമ്മദ്‌ ഷിബിൻ, വി. പി. നിഷാദ്, കെ. അഭിലാഷ് എന്നിവർ കോണിയുടെ സഹായത്തോടെ മരത്തിന് മുകളിലേക്ക് കയറി. തുടർന്ന് ഒന്നര മണിക്കൂറോളം മരത്തിന് മുകളിലിരുന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇതിനിടയിൽ യുവാവിന്റെ അരയിൽ കയർകൊണ്ട് കെട്ടി ആവശ്യമായ സുരക്ഷയും ഉറപ്പുവരുത്തി.

പിന്നീട് ക്ഷേത്രദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട യുവാവിനെ, അവിടെ കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി സമ്മതിപ്പിച്ചാണ് താഴെയിറക്കിയത്. രക്ഷപ്പെടുത്തിയ ശേഷം ഇയാളെ തുടർനടപടികൾക്കായി മലപ്പുറം പൊലീസിന് കൈമാറി. അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ ഈ വിജയകരമായ രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മനോജ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ പി. അമൽ, ബൈജു, ജോയ്, അഭിജിത്ത്, അജ്മൽ എന്നിവരും സജീവമായി പങ്കെടുത്തു.

Related Articles

Back to top button