Kollam

10 മീറ്ററിലധികം വലിച്ചിഴച്ചു; കെഎസ്ആർടിസി പ്രിയദർശിനി ബസ് ഇടിച്ച് മൊബൈൽ കട ജീവനക്കാരന് ദാരുണാന്ത്യം

Please complete the required fields.




കൊല്ലം: കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചിന്നക്കടയിലെ മൊബൈൽ കടയിലെ ജീവനക്കാരൻ മേവറം സെയ്ദലി മൻസിൽ എസ്. സെയ്ദലി (22) ആണ് മരിച്ചത്. ചിന്നക്കട ബസ് ബേയ്ക്ക് മുന്നിൽ ബുധനാഴ്ച വൈകിട്ട് 3.30നാണ് അപകടം.

കൊട്ടാരക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ഓർഡിനറി ബസ് ചിന്നക്കട ബസ് ബേയിലേക്ക് കയറുന്നതിനിടെയാണ് സെയ്ദലിയെ ഇടിച്ചത്. സെയ്ദലിയും ബൈക്കും ബസിനടിയിൽപ്പെടുകയും 10 മീറ്ററിലധികം വലിച്ചിഴക്കപ്പെടുകയും ചെയ്തു. ബസ് കാത്തുനിന്നവർ ബഹളം വെച്ചതോടെയാണ് ബസ് നിർത്തിയത്.

യാത്രക്കാരും കച്ചവടക്കാരും ചേർന്ന് സെയ്ദലിയെ ബസിനടിയിൽ നിന്ന് വലിച്ചെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബസിന്റെ ടയറിന്റെ അടിയിൽ നിന്ന് ഏറെ പരിശ്രമിച്ചാണ് ഇയാളെ പുറത്തെടുത്തത്. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ സെയ്ദലിയെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് മേവറത്തെ മെഡിസിറ്റിയിലേക്ക് മാറ്റി.

എന്നാൽ അവിടെ വെച്ച് മരിക്കുകയായിരുന്നു. ബസ് പിന്നീട് കൊല്ലം ഡിപ്പോയിലെത്തിച്ച ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഷാജഹാനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Related Articles

Back to top button