കോഴിക്കോട്ടെ ക്ലോക്ക് ടവര്‍ അപകടം; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിൻ വെസ്റ്റ് ഹില്ലില്‍ നിന്ന്

കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന്റെ കണ്ണൂരിലേക്കുള്ള സര്‍വീസ് ആരംഭിക്കുക വെസ്റ്റ് ഹില്ലില്‍ നിന്നും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ പൊളിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 2.5നാണ് സര്‍വീസ് ആരംഭിക്കുക. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന്റെ കോഴിക്കോട്ടേക്കുള്ള സര്‍വീസ് വെസ്റ്റ് ഹില്ലില്‍ അവസാനിപ്പിച്ചിരുന്നു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് വരുന്ന ജനശതാബ്ദി എക്സ്പ്രസും കെഎസ്ആര് യേശ്വന്ധ്പൂര് ബാംഗ്ലൂര്‍ എക്സ്പ്രസും കോഴിക്കോട്ടേക്ക് എത്തും.
റെയില്‍വേ സ്റ്റേഷനിലെ അപകടം മറ്റ് ട്രെയിനുകളുടെയും സമയക്രമത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11.15ഓടെയാണ് റെയില്‍വേ സ്റ്റേഷനിലെ പഴയ കെട്ടിടം തകര്‍ന്ന് വീണത്.
100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതം പുനക്രമീകരിച്ചിരുന്നു. പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചുനീക്കാന്‍ ഇന്നലെ പരിശ്രമിച്ചെങ്കിലും മുഴുവനായും കഴിഞ്ഞിരുന്നില്ല.





