പഠന വൈകല്യമുള്ള കുട്ടികളെ നേരത്തേ തിരിച്ചറിയണം; സ്വയം പരീക്ഷയെഴുതാൻ പ്രാപ്തരാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട് : പഠന വൈകല്യമുള്ള കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസതലം മുതൽ തിരിച്ചറിഞ്ഞ് സ്വയം പരീക്ഷയെഴുതുവാൻ പ്രാപ്തരാക്കുവാനുള്ള പദ്ധതി നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മിഷൻ.
കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന കർത്തവ്യ വാഹക യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ജില്ലയിൽ പഠന വൈകല്യം നേരിടുന്ന പത്താംതരത്തിലുള്ള കുട്ടികൾക്ക് എഴുത്ത് സഹായിയെ അനുവദിക്കണമെന്ന അപേക്ഷകൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് കമ്മിഷന്റെ നിർദ്ദേശം.
സ്കൂൾ കൗൺസിലർമാർ, സൗഹൃദ ക്ലബ്ബ് കോ- ഓർഡിനേറ്റർ എന്നിവർക്ക് പോക്സോ കേസുകളുടെ റിപ്പോർട്ടിംഗ് സംബന്ധിച്ച മാർഗ്ഗനിർദേശം ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ചേർന്ന് നൽകണം. പുതിയ തലമുറ വിദ്യാർഥികളുടെ മാനസികാരോഗ്യം സംബന്ധിച്ചും അവരുടെ സോഷ്യൽ മീഡിയ ഉപയോഗം, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയും കണ്ടെത്തി നിയന്ത്രിക്കാനാവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഡയറ്റ് അധികാരികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൽ കേസുകൾ വർധിക്കുന്ന സാഹചര്യം പരിഗണിച്ച് സിറ്റിംഗ് ദിനങ്ങൾ വർധിപ്പിക്കുവാൻ നടപടി സ്വീകരിക്കണം. പൊലീസ് സമയബന്ധിതമായി കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ് വിഷയാവതരണം നടത്തി. കമ്മിഷനംഗം പി. ഷാജേഷ് ഭാസ്കർ യോഗനടപടികൾ നിയന്ത്രിച്ചു. അസിസ്റ്റൻറ് കളക്ടർ മാളവിക ജി. നായർ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷിജി എ. റഹ്മാൻ, ജെ.ജെ.ബി. അംഗം ഷെമീന എന്നിവർ നേതൃത്വം നൽകി.





