Kozhikode

മാമി തിരോധാനക്കേസിൽ വൻ വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് നിർണായക കണ്ടെത്തലുമായി. മാമിയെ തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള പുതിയ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

2023 ഓഗസ്റ്റ് 21-നാണ് കോഴിക്കോട്ടുനിന്ന് മാമിയെ കാണാതായത്. വീട്ടിൽ നിന്ന് വൈകീട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞ് ഇറങ്ങിയ അദ്ദേഹം പിന്നീട് മടങ്ങിയെത്തിയില്ല. പിന്നാലെ കുടുംബം പരാതി നൽകി. കാണാതാകുന്നതിന് തൊട്ടുമുമ്പ് അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ടവർ ലൊക്കേഷനുകളിൽ മാമി എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അതിന് ശേഷം എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.

ആദ്യം നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. തുടക്കത്തിലെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ഉൾപ്പെടെ വലിയ വീഴ്ചകളും പാളിച്ചകളും ഉണ്ടായതായി വിമർശനമുയർന്നു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചില്ല.

അതിനുശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2026-ൽ പുതിയ സർക്കാർ വന്നതിന് പിന്നാലെ അന്വേഷണ സംഘം വിപുലീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. അതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന നിർണായക തെളിവുകൾ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കേസിൽ വലിയ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. കുടുംബം ഉന്നയിച്ച സംശയങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Related Articles

Back to top button