ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം! നിമിഷങ്ങൾക്കകം പൂർണ്ണമായും കത്തിനശിച്ചു, യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: ദേശീയപാത 66-ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എ.ആര് നഗര്‍ കൊളപ്പുറത്തിനും ചോലക്കലിനുമിടയിലാണ് സംഭവം. കാറിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി കോഴികാട്ടില്‍ കരീമിന്റെ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മകനും മരുമകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി.
അപകടസാധ്യത മനസിലാക്കിയ അവർ ഉടൻ വാഹനം നിർത്തി പുറത്തേക്കിറങ്ങി. നിമിഷങ്ങൾക്കകം കാറിൽ തീ പടർന്നുപിടിക്കുകയും വാഹനം മുഴുവനായും അഗ്നിക്കിരയാകുകയും ചെയ്തു. ഇതുവഴി കടന്നുപോയ വാഹനയാത്രക്കാരും സമീപത്തെ നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം സാധിച്ചില്ല.
പിന്നീട് കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തിരക്കേറിയ ദേശീയപാതയിൽ ഉണ്ടായ തീപിടിത്തം മറ്റ് യാത്രക്കാരിലും ആശങ്കയുണ്ടാക്കി. കാറിൽ നിന്ന് പുക ഉയർന്നത് സമയത്ത് ശ്രദ്ധയിൽപ്പെട്ടതും യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതുമാണ് വലിയ അപകടം ഒഴിവാക്കിയത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.





