തൃക്കരിപ്പൂർ: തൃക്കരിപ്പൂർ വി.പി.പി. സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയം നവീകരണത്തിനുള്ള നടപടികൾ തുടങ്ങി. സംസ്ഥാനതലത്തിലുള്ള നിരവധി ഫുട്ബോൾ ടൂർണമെന്റുകൾ നടന്നിരുന്ന മൈതാനം ഇന്ന് സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്.
സ്റ്റേഡിയത്തിനകത്ത് കന്നുകാലികളും വാഹനങ്ങളും പ്രവേശിക്കുന്നത് തടയാനുള്ള കമ്പിവേലി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ഇതിന്റെ ഭാഗമായി മൈതാനത്തിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി ശനിയാഴ്ച തുടങ്ങി.
സ്റ്റേഡിയം നവീകരിക്കുന്നതിന് ഫുട്ബോൾതാരമായ ജില്ലാ പഞ്ചായത്ത് അംഗം എം. മനുവിന്റെ ഇടപെടലിനെത്തുടർന്നാണ് ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം അനുവദിച്ചത്. മൈതാനത്തിന്റെ പഴയകാല പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കായികപ്രേമികളും സ്കൂൾ അധികൃതരും.