സിഗരറ്റ് വലിച്ച് മീശ പിരിച്ച് റീൽസ്; സോഷ്യൽ മീഡിയയിൽ മാസ് കാണിച്ച് പരോളിലിറങ്ങിയ പെരിയ കേസ് ഏഴാം പ്രതി അശ്വിൻ,വൻ വിവാദം

കാസർകോട്: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന കർശനമായ പരോൾ വ്യവസ്ഥ കാറ്റിൽപ്പറത്തി സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതുമായ ദൃശ്യങ്ങൾ റീൽസാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി അശ്വിൻ.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി വെട്ടിക്കൊന്ന കേസിലെ ഏഴാം പ്രതിയും ബേഡകം കുണ്ടംകുഴി സ്വദേശിയുമായ അശ്വിനാണ്, പരോളിലിറങ്ങിയതിന് തൊട്ടുപിന്നാലെ സിനിമാ ഡയലോഗിനൊപ്പം തനിക്ക് വീരപരിവേഷം നൽകുന്ന രീതിയിലുള്ള വീഡിയോ പങ്കുവെച്ചത്.
കേസിലെ പത്ത് പ്രതികളിൽ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾക്ക് കഴിഞ്ഞ ദിവസമാണ് 20 ദിവസത്തെ പരോൾ ലഭിച്ച് പുറത്തിറങ്ങിയത്.
എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ഒരുമിച്ച് പരോൾ നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചതോടെ, ബാക്കിയുള്ള നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടയുകയും ആഭ്യന്തര വകുപ്പ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പരോൾ നടപടികൾ ചട്ടപ്രകാരമാണെന്ന് കണ്ടെത്തിയാൽ മാത്രമേ ബാക്കി പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കൂ. ഇതിനിടയിലാണ് പരോൾ വ്യവസ്ഥകൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് പുറത്തിറങ്ങിയ പ്രതി പ്രകോപനപരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
പ്രതികൾ കൂട്ടത്തോടെ പുറത്തിറങ്ങിയ സാഹചര്യത്തിൽ പ്രദേശത്ത് സംഘർഷ സാധ്യത മുൻനിർത്തി പോലീസ് കനത്ത ജാഗ്രത പുലർത്തുന്നതിനിടയിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.





