മാലിന്യത്തിൽ നിന്നും രാജവീഥികൾ! രാജ്യത്ത് ഇതുവരെ 703 കിലോമീറ്റർ ദേശീയപാത പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിർമ്മിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്ത് 703 കിലോമീറ്ററോളം നീളത്തിൽ ദേശീയപാതകൾ പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് ഇതുവരെ നിർമ്മിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്ര ഗതാഗത ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചത്. ദേശീയപാതയുടെ ടാറിങ്ങിൽ പ്ലാസ്റ്റിക് മാലിന്യം കൃത്യമായും നിർബന്ധമായും ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. ആറുമുതൽ എട്ടുശതമാനം വരെ പ്ലാസ്റ്റിക്കാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ബാക്കി 92 മുതൽ 94 ശതമാനം വരെ ടാറും ഉപയോഗിക്കും. അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലെ 50 കിലോമീറ്റർ ചുറ്റളവിൽ ദേശീയപാതാ നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കണമെന്നാണ് മാർഗനിർദേശം.
റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുമെന്ന് 2016ലാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. അതിനുശേഷം 11 സംസ്ഥാനങ്ങളിൽ റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്.