കണ്ണൂർ: സെൻട്രൽ ജയിലിന് മുന്നിൽ ജയിൽ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ ആരംഭിച്ച ജില്ലയിലെ ആദ്യ സമ്മർദിത പ്രകൃതിവാതക സ്റ്റേഷൻ (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ് -സി.എൻ.ജി.) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിന്റെ ഗുണം കിട്ടിത്തുടങ്ങിയതിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ അനാവശ്യ മൗലികവാദം ഉയർത്തി പദ്ധതിയെ എതിർത്തവർ സി.എൻ.ജി. കൊണ്ട് ഉണ്ടാകുന്ന പാരിസ്ഥിതിക നേട്ടം കണ്ടില്ലെന്നുനടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മേയർ ടി.ഒ.മോഹനൻ അധ്യക്ഷനായിരുന്നു. കെ.വി.സുമേഷ് എം.എൽ.എ., ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്, കളക്ടർ ടി.വി.സുഭാഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ. പി.ഇന്ദിര, വാർഡ് കൗൺസിലർ വി.കെ.ഷിജു, ഉത്തരമേഖലാ ജയിൽ ഐ.ജി. എം.കെ.വിനോദ്കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോൺ, ഇന്ത്യൻ ഓയിൽ-അദാനി ഗ്രൂപ്പ് (ഐ.ഒ.എ.ജി.) മേഖലാ തലവൻ ജിതേഷ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു