
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 6,500 ടൺ യുദ്ധസാമഗ്രികളാണ് യുഎസ് ഇസ്രായേലിലെത്തിച്ചത്. യുഎസ് സെൻട്രൽ കമാൻഡ് തലവൻ ബ്രാഡ് കൂപ്പറിന്റെ നേതൃത്വത്തിൽ നടന്ന നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ വൻ ആയുധ കൈമാറ്റം നടന്നത്.
വ്യോമ-കര യുദ്ധങ്ങൾക്കാവശ്യമായ അത്യാധുനിക ആയുധങ്ങൾ, സൈനിക ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവയടങ്ങിയ വലിയൊരു ശേഖരമാണ് ഇസ്രായേലിൽ എത്തിയിരിക്കുന്നത്. ‘ഓപ്പറേഷൻ റോറിങ് ലയൺ’ ആരംഭിച്ചതിന് ശേഷം ഇതുവരെ ലക്ഷക്കണക്കിന് ടൺ യുദ്ധോപകരണങ്ങൾ അമേരിക്ക ഇസ്രായേലിന് കൈമാറിക്കഴിഞ്ഞു.
ഇറാനിലെ തന്ത്രപ്രധാനമായ രഹസ്യകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ശക്തമായ ആക്രമണങ്ങൾക്കാണ് യുഎസ് പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ ആണവ വിഷയങ്ങളിൽ ചർച്ചയ്ക്ക് നിർബന്ധിതരാക്കുന്നതിനൊപ്പം, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിച്ച് ആഗോള എണ്ണവിപണിയിലെ പ്രതിസന്ധി പരിഹരിക്കുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്.ഏത് തരത്തിലുള്ള പ്രത്യാക്രമണങ്ങളെയും നേരിടാൻ ഇസ്രായേൽ സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ പ്രഖ്യാപിച്ചു.
ഇറാന്റെ ആണവ-മിസൈൽ ശേഷികൾ സംരക്ഷിക്കപ്പെടുമെന്നും മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം യുഎസ് സൈനിക സാന്നിധ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം താവളങ്ങൾ പോലും സംരക്ഷിക്കാൻ കഴിയാത്ത അമേരിക്കയ്ക്ക് ഗൾഫ് മേഖലയ്ക്ക് സുരക്ഷ നൽകാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.ഇറാന്റെ ആണവശേഷി പൂർണ്ണമായും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് മുജ്തബ ഖാംനഈയുടെ ഈ ശക്തമായ പ്രതികരണം.





