മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ…! കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു

കോഴിക്കോട് : കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ 17 മത്സ്യത്തൊഴിലാളികളാണ് കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിൽ കുടുങ്ങിപ്പോയത്.
യാത്രയ്ക്കിടെ ബോട്ടിന്റെ എൻജിൻ നിലയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചത്.അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ചികിത്സയ്ക്കായി ഫറോക്ക് ചന്ത ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സമയോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിലും അവധിയാണ്. അതേസമയം, സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഇന്നത്തെ പിഎസ്സി പരീക്ഷകൾക്കും മാറ്റമില്ല.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.





