Malappuram

മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപെട്ട് നാലുവയസുകാരന് ദാരുണാന്ത്യം

Please complete the required fields.




മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ആദം അയ്മൻ ( 4) മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. ഇന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം. താഴ്ന്ന പ്രദേശങ്ങളിലും തോടുകളിലും വെള്ളം ഉയരുന്നതിനാൽ ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കാലത്ത് കുട്ടികൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വീടിന് സമീപത്തെ കുഴികൾ, തോടുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങാതെ നോക്കണമെന്നും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.മലപ്പുറം ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. എന്തെങ്കിലും അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.

Related Articles

Back to top button