പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കൂടെക്കയറി, പിന്നാലെ മുങ്ങി; മമ്പാടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ആദ്യം ഒരു സ്കൂട്ടറിലും തുടർന്ന് മറ്റ് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ യാത്രികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ ആംബുലൻസിൽ കാർ ഡ്രൈവറും ഒപ്പം കയറുകയായിരുന്നു. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഇയാൾ സമർത്ഥമായി മുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട കാറിൽ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് 0.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇതിനുപുറമേ കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





