അഴിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നതിനു പിന്നാലെ കുരിക്കിലാട് ഭാഗത്ത് വന്‍ ചോര്‍ച്ച; ഇതേ തുടര്‍ന്ന് കനാല്‍ അടച്ചു

വടകര: അഴിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നതിനു പിന്നാലെ കുരിക്കിലാട് ഭാഗത്ത് വന്‍ ചോര്‍ച്ച. ഇതേ തുടര്‍ന്ന് കനാല്‍ അടച്ചു. കുറ്റ്യാടി ഇറിഗേഷന്‍ കനാലിന്റെ ഭാഗമായ അഴിയൂര്‍ ബ്രാഞ്ച്കനാല്‍ വ്യാഴാഴ്ച രാവിലെയാണ് തുറന്നുവിട്ടത്. വൈകീട്ടോടെ കുരിക്കിലാട് ഭാഗത്തുണ്ടായ വന്‍ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചു. മുന്നര മണിയോടെ വന്‍ ശബ്ദത്തോടെയായിരുന്നു വെള്ളമൊഴുക്ക്. ഉയരത്തിലൂടെ കടന്നുപോകുന്ന കനാലിന്റെ ഉള്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തതായിരുന്നു. മാച്ചാരി മേനോന്റെ വീടിന് പിന്‍ഭാഗത്താണ് ചോര്‍ച്ചയുണ്ടായത്. വെള്ളം കുത്തിയൊഴുകിയതോടെ വീട്ടുപറമ്പിലെ കിണര്‍ പൂര്‍ണമായും നികന്നു.
സമീപത്തെ പറമ്പിലും ഇടവഴിയിലും ശക്തമായി വെള്ളമൊഴുകുകയായിരുന്നു. കനാലില്‍ ചോര്‍ച്ച രാത്രിയായിരുന്നുവെങ്കില്‍ വന്‍ അപകടത്തിന് വഴിവെക്കുമായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ അധിക്യതര്‍ കനാല്‍ അടച്ചു. മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതിനാല്‍ ഗ്രാമപഞ്ചായത്തിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കനാല്‍ തുറന്നത്.





