
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന ചൂടും കാരണം വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചതാണ് പ്രധാന കാരണം.കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് ഇന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വലിയ വർധനയാണ്. സംസ്ഥാനത്തിനകത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറഞ്ഞതോടൊപ്പം, രാജ്യത്താകമാനം വൈദ്യുതിക്ക് ആവശ്യക്കാരേറിയതിനാൽ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ട്. പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം ജൂലൈ 21 തിങ്കളാഴ്ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈകുന്നേരം 6 മണി മുതൽ 10 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കുക.
മഴ മാറിനിൽക്കുന്ന സാഹചര്യവും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതും വീടുകളിലും സ്ഥാപനങ്ങളിലും ഫാനുകളുടെയും എസികളുടെയും ഉപയോഗം കൂട്ടിയിട്ടുണ്ട്. ഇത് വൈദ്യുതി ആവശ്യകത വർധിക്കാൻ കാരണമായി. അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും പീക്ക് സമയങ്ങളിൽ ലൈറ്റുകൾ, ഫാനുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും കെഎസ്ഇബി ജനങ്ങളോട് അഭ്യർഥിച്ചു. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിച്ചാൽ മാത്രമേ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് വിലയിരുത്തൽ.





