
ഗാന്ധി നഗർ: ഭാര്യ വേർപിരിഞ്ഞു പോയതിന് കാരണം മാതാപിതാക്കളാണെന്ന് ആരോപിച്ച് എഴുപതുകാരനായ പിതാവിനെ മകൻ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദാഹോദ് സ്വദേശിയായ വലഭായ് പാർഗി (70) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ മകൻ ബാബുഭായ് പാർഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി ബാബുഭായുമായി വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കടുത്ത മദ്യപാനിയായ ബാബുഭായ് മദ്യലഹരിയിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു.
ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് അഞ്ച് വർഷം മുൻപ് ഭാര്യ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകാൻ കാരണം പ്രായമായ മാതാപിതാക്കളാണെന്ന് കുറ്റപ്പെടുത്തിയ ബാബുഭായ്, വീട്ടിലെത്തുമ്പോഴെല്ലാം ഇരുവരെയും ക്രൂരമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു.
സമാനമായ രീതിയിൽ വീണ്ടും തർക്കമുണ്ടായപ്പോൾ ബാബുഭായ് കയ്യിലിരുന്ന കനത്ത വടികൊണ്ട് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വീണ വലഭായ് പാർഗിയെ ഉടൻ തന്നെ ബന്ധുക്കൾ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
തുടർന്ന് കൊല്ലപ്പെട്ട വലഭായിയുടെ ഇളയ മകൻ കാൽജിഭായ് പാർഗി ഫത്തേപുര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് തെരച്ചിലിനൊടുവിൽ പിടികൂടി കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ ഫത്തേപുര പൊലീസ് വിശദമായ അന്വേഷണം നടത്തി





