Ernakulam

ഒന്ന് പൊട്ടിയാൽ മരണം ഉറപ്പ്;വിഴുങ്ങിയത് 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ, യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി

Please complete the required fields.




കൊച്ചി: ടാന്‍സാനിയയില്‍നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ സ്വദേശി വിഴുങ്ങി എത്തിച്ചത് നൂറ് കൊക്കെയിന്‍ കാപ്സ്യൂളുകള്‍. ഒപ്പം പിടിയിലായ ആഫ്രിക്കന്‍ വനിതയും നൂറോളം കാപ്സ്യൂളുകള്‍ വിഴുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ കാപ്സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ വൈകുന്നു. പുരുഷന്റെ വന്‍കുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം വരുന്ന കാപ്സ്യൂളുകള്‍. ഒരാഴ്ചയെടുത്തു ഇത് പുറത്തെടുക്കാന്‍. ഇതിലേതെങ്കിലും കാപ്സ്യൂള്‍ പൊട്ടി കൊക്കൈന്‍ ശരീരത്തിനുള്ളിലെത്തിയാല്‍ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും കോടികളുടെ ലാഭം മോഹിച്ചാണ് ഇവര്‍ ‘ഹൈ റിസ്‌ക്’ എടുത്തത്.

ടാന്‍സാനിയയില്‍നിന്നുതന്നെ കൊക്കെയിന്‍ വിഴുങ്ങിയ ശേഷമാണ് ഇവര്‍ വിമാനം കയറിയത്. എത്യോപ്യ വഴി ദോഹയിലിറങ്ങിയ ശേഷം കൊച്ചിയിലേക്ക് വിമാനം കയറി. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്ന ആഫ്രിക്കന്‍ സ്വദേശികളെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് പുറത്തേക്കു വിടുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊച്ചിയില്‍ കാര്യമായ പരിശോധനയുണ്ടാകില്ലെന്നാണ് ഇവര്‍ കരുതിയത്. കേരളത്തിലെ തിരക്കേറിയ വിമാനത്താവളമാണ് കൊച്ചി എന്നതിനാല്‍ സുഗമമായി പുറത്തുകടക്കാം എന്നും ഇവര്‍ കരുതി. എന്നാല്‍, ഡി.ആര്‍.ഐ.ക്ക് ഇവര്‍ വരുന്നതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവരെ ഡി.ആര്‍.ഐ. സംഘം പിടികൂടിയെങ്കിലും കൊക്കെയിന്‍ വിഴുങ്ങിയത് ഇവര്‍ സമ്മതിച്ചില്ല. ദേഹപരിശോധനയിലും ഒന്നും ലഭിച്ചില്ല.

വിദേശ പൗരന്‍മാരായതിനാല്‍ എക്‌സ്റേ പരിശോധന നടത്തണമെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണം. അനുമതി വാങ്ങി ഇരുവരുടെയും സി.ടി. സ്‌കാനെടുത്തപ്പോഴാണ് കാപ്സ്യൂളുകള്‍ ഉള്ളില്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു നല്‍കി കാപ്സ്യൂളുകള്‍ പുറത്തെടുക്കാന്‍ കസ്റ്റഡിയില്‍ വാങ്ങി. ആശുപത്രിയിലെത്തിച്ച് പഴവര്‍ഗങ്ങള്‍ നല്‍കിയാണ് മലത്തിലൂടെ കാപ്സ്യൂളുകള്‍ പുറത്തെടുക്കുന്നത്. സാധാരണഗതിയില്‍ കാപ്സ്യൂളുകളുടെ എണ്ണം കുറവാണെങ്കില്‍ രണ്ടോ മൂന്നോ ദിവസമേ എടുക്കൂ പുറത്തെത്താന്‍. ആളുകളുടെ ആരോഗ്യസ്ഥിതിയും ഇതില്‍ ബാധകമാകും. നൂറോളം കാപ്സ്യൂളുകളായതിനാല്‍ ടാന്‍സാനിയക്കാരനില്‍നിന്നു പുറത്തെത്താന്‍ ഒരാഴ്ചയെടുത്തു. ഒപ്പമുള്ള രോഗിയായ വനിതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കുറേശ്ശെയാണ് പഴവര്‍ഗങ്ങള്‍ നല്‍കുന്നത്. ഇനിയും ഒരു കാപ്സ്യൂള്‍ കൂടി ഇവരില്‍നിന്നു പുറത്തു വരാനുണ്ട്.

Related Articles

Back to top button