
കോഴിക്കോട് : മൂന്നുദിവസത്തിനിടെ നഗരത്തിൽനിന്ന് ബുധനാഴ്ച 14 ലോഡ് അജൈവമാലിന്യം നീക്കിയതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം. സെൻട്രൽ മാർക്കറ്റ്, മെഡിക്കൽകോളേജ്, ബേപ്പൂർ, പൊളിച്ചിട്ട ടാഗോർഹാൾ വളപ്പ്, കാരപ്പറമ്പ് എന്നിവിടങ്ങളിൽനിന്നാണ് ഹരിതകർമസേനാ പ്രവർത്തകർ മാലിന്യം മുഖ്യമായും നീക്കിയതെന്ന് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവൻ അറിയിച്ചു.
പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിറച്ച ചാക്കുകളാണ് കൂടുതലും നീക്കിയത്. ടാഗോർഹാൾ വളപ്പിൽനിന്ന് രണ്ടും ബേപ്പൂർ ബി.സി. റോഡ്, മെഡിക്കൽകോളേജ് ഭാഗത്തുനിന്ന് ഏകദേശം മുഴുവനായും ചാക്കുകൾ നീക്കിയെന്നും അധികൃതർ അറിയിച്ചു. ടാഗോർഹാൾ വളപ്പ് അടിച്ചുവാരി വൃത്തിയാക്കുകയും ചെയ്തു. മൂന്നുദിവസത്തിനകം ശേഷിക്കുന്ന ഭാഗങ്ങളിൽനിന്നുള്ള മാലിന്യവും നീക്കുമെന്നും അധികൃതർ അറിയിച്ചു.
കാരപ്പറമ്പ് മേഖലയിൽനിന്ന് നീക്കാനുള്ള ചാക്കുകൾക്കൊപ്പം സെൻട്രൽ മാർക്കറ്റിലെ ശേഷിക്കുന്ന അജൈവമാലിന്യവും നീക്കും. വ്യാഴാഴ്ച മാലിന്യനീക്കത്തിന് രണ്ടു വലിയ കണ്ടെയ്നർ പുതുതായി ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. സ്ഥിരമായി അജൈവമാലിന്യം നീക്കാൻ ചുമതലപ്പെടുത്തിയ നാല് ഏജൻസികളുടെ ആഭിമുഖ്യത്തിലാണ് ചാക്കുകൾ നീക്കുന്നത്.





