ഡൽഹിയിലെ വിദ്യാർത്ഥി സമരം അധിക്ഷേപക്കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചതായി പൊലീസ്. ആദ്യം അന്വേഷണത്തോട് സഹകരിക്കാതിരുന്ന ഇയാൾ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ടി.ജി. മോഹൻദാസിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.തുടർ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പ്രൊസിക്യൂഷനും പൊലീസും കോടതിയിൽ ആവശ്യപ്പെട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും കസ്റ്റഡി അനിവാര്യമാണെന്നാണ് പൊലീസിന്റെ നിലപാട്.
എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എസ്.എഫ്.ഐ നൽകിയ പരാതിയിൽ ജൂലൈ 29-നാണ് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും.
ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു.





