വീട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; നഴ്സിങ് വിദ്യാർഥിനിയെ കുളിമുറിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് പൊലീസ്

ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി (18) ആണ് മരിച്ചത്.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.അവധിക്കാലമായതിനാൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഹരിണിയുടെ അച്ഛൻ നേരത്തേ മരിച്ചിരുന്നു.
കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടെത്താനായില്ല.തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തുള്ള കുളിമുറിയോട് ചേർന്ന് ഹരിണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




