ശബരിമലയിൽ 55.72 പവൻ സ്വർണക്കിരീടം കാണാനില്ല; സ്ട്രോങ് റൂമിൽ മുക്കുപണ്ടം കണ്ടെത്തിയതായി റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ കണ്ടെത്തി. 2012 ഓഗസ്റ്റിൽ തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണ് കാണാതായതായി കണ്ടെത്തിയിരിക്കുന്നത്. കിരീടം സമർപ്പിച്ചതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ട്രോങ് റൂമിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടകിരീടമാണെന്നാണ് ലഭിച്ച വിവരങ്ങൾ. വജ്രത്തിന് സമാനമായ വെള്ളക്കല്ലും ഈ കിരീടത്തിൽ പതിച്ചിട്ടുണ്ട്.
2012ൽ ഭക്തർ സമർപ്പിച്ചപ്പോൾ കിരീടത്തിന്റെ ആകെ തൂക്കം 445.78 ഗ്രാമായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ സ്ട്രോങ് റൂമിലുള്ള മുക്കുപണ്ടകിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. അന്നത്തെ വില 26 ലക്ഷം രൂപയായിരുന്ന കിരീടത്തിന് നിലവിൽ 62 ലക്ഷം രൂപയോളം വിലവരുമെന്നാണ് റിപ്പോർട്ട്.
2012 ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയിൽ ശബരിമല നട തുറന്നപ്പോഴാണ് തമിഴ്നാട്ടിൽനിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ അയ്യപ്പഭക്തർ കിരീടം നടയ്ക്കുവെച്ചത്. ഇതിന് രസീത് നൽകിയിരുന്നു. തുടർന്ന് കിരീടം ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും പിന്നീട് സന്നിധാനത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയും ചെയ്തു. സ്ട്രോങ് റൂമിൽ സി.സി.ടി.വി. നിരീക്ഷണം ഉണ്ടായിരുന്നില്ല.
ശബരിമലയിൽ ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ താത്കാലികമായി സൂക്ഷിക്കുകയാണ് പതിവ്. ഇവ പിന്നീട് ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നാണ് നടപടി. എന്നാൽ ഈ സ്വർണക്കിരീടം ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ലെന്നാണ് വിവരം. കിരീടത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന് വിശദമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്താനാകുക.
ഇതിനിടെ, ആറന്മുളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ട്രോങ് റൂമിൽ നിന്ന് നാലുപവൻ തൂക്കമുള്ള സ്വർണമാലയും കാണാതായിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തുള്ള ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. സംഭവങ്ങൾ അന്വേഷിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉത്തരവിട്ടു.
ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്.
ശബരിമലയിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട് കൃത്യമായ നടപടിക്രമങ്ങളും നിലവിലുണ്ട്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിൽ ഓരോ വർഷം വീതമാണ് നിയമനം. പകൽസമയത്ത് മാത്രമേ സ്ട്രോങ് റൂം തുറക്കാവൂ എന്നാണ് ചട്ടം. സ്ട്രോങ് റൂമിന്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പക്കലാണ് താക്കോൽ സൂക്ഷിക്കുന്നത്. എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് റൂം തുറക്കേണ്ടത്. തുറക്കുന്ന സമയം മുതൽ അടയ്ക്കുന്നതുവരെയുള്ള എല്ലാ നടപടികളും മഹസറിൽ രേഖപ്പെടുത്തണമെന്നും ദേവസ്വം ഗാർഡും ഒപ്പമുണ്ടാകണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.





