Thiruvananthapuram
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ വീണ്ടും നഗ്നതാ പ്രദര്‍ശനം; സഹയാത്രികർ പ്രതിയെ പിടികൂടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയിൽ കന്യാകുമാരി സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. കോട്ടയത്തുവെച്ചാണ് രാജു ബസില്‍ കയറിയത്. തന്നെ ഇയാൾ തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും ബസ് തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് രാജുവിനെ പിടികൂടിയത്. തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.





