പയ്യന്നൂർ സിപിഐഎമ്മിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി നന്ദകുമാറിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ നേതൃത്വത്തിലെ വിഭാഗീയതയും ഗ്രൂപ്പിസവും പരസ്യമാകുന്നു. പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന ടി.സി.വി. നന്ദകുമാറിന്റെ ഭാര്യ ശരണ്യ നന്ദകുമാറാണ് നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം നേതൃത്വം പിന്നിൽ നിന്ന് കുത്തിയതാണെന്ന് ശരണ്യ കുറ്റപ്പെടുത്തി.
എല്ലാം പാർട്ടി നോക്കുമെന്നാണ് കരുതിയത്, എന്നാൽ ഇപ്പോൾ ഭയം തോന്നുന്നു. എന്ത് വിശ്വസിച്ചാണ് ഇനി ജീവിക്കേണ്ടതെന്ന് ശരണ്യ ചോദിക്കുന്നു. ഫേക്ക് അക്കൗണ്ടുകൾ വഴി നന്ദകുമാറിനെ ആജീവനാന്തം ജയിലിലിടുമെന്ന് ട്രോളുകൾ വരുന്നു. പാർട്ടിയെ തോൽപ്പിക്കാൻ ഗ്രൂപ്പ് കളിക്കുന്നവർക്ക് ഇതൊക്കെ നിസ്സാരമായിരിക്കില്ലേ എന്നും അവർ കുറിച്ചു.
ഈ രാഷ്ട്രീയ യുദ്ധങ്ങൾക്കിടയിൽ തങ്ങളുടെ ജീവിതം എന്താകുമെന്ന് ആര് മറുപടി പറയുമെന്നും ശരണ്യ ചോദിച്ചു. നന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ‘ജാമ്യം പതുക്കെ മതിയെന്ന്’ ഏരിയ നേതൃത്വം അഭിഭാഷകന് നിർദ്ദേശം നൽകിയതായി പാർട്ടി ഗ്രൂപ്പുകളിൽ ചർച്ചയുണ്ടായിരുന്നു. ഇതിൽ പ്രകോപിതയായാണ് ശരണ്യ പോസ്റ്റിട്ടതെന്നാണ് സൂചന.അതേസമയം, പോസ്റ്റ് വിവാദമായതോടെ പാർട്ടി നേതൃത്വം ഇടപെട്ട് ഇത് നീക്കം ചെയ്യിപ്പിച്ചു. എന്നാൽ പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ഈ വിഷയം ഇപ്പോഴും സജീവ ചർച്ചയായി തുടരുകയാണ്.





