Alappuzha

വീട്ടിൽനിന്ന് പുറപ്പെട്ടത് പരീക്ഷയ്ക്കായി; കാണാതായ എൻജിനീയറിങ് വിദ്യാർഥി ദേവദത്തിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

Please complete the required fields.




ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥി ദേവദത്തിന്റെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ദേവദത്ത് (ആരോമൽ-19) ആണ് മരിച്ചത്. വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയതാകാമെന്നാണ് സംശയം.

ചൊവ്വാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളാണ് കായംകുളം പൊഴിയ്ക്ക് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മൃതദേഹം കണ്ടത്. തുടർന്ന് തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം മൃതദേഹം കരയ്‌ക്കെത്തിച്ചു. സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ദേവദത്ത്. തിങ്കളാഴ്ച രാവിലെ ഒൻപതേകാലോടെയാണ് പരീക്ഷയ്ക്കായി വീട്ടിൽനിന്ന് പുറപ്പെട്ടത്. എന്നാൽ കോളേജിൽ എത്താത്തതിനെ തുടർന്ന് അച്ഛൻ ശ്രീകുമാർ നൂറനാട് പോലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. പിന്നാലെ പോലീസ് തിരഞ്ഞെത്തിയപ്പോൾ വലിയഴീക്കൽ പാലത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോളേജിലേക്ക് കൊണ്ടുപോയ ബാഗും ഫോണും കാറിലുണ്ടായിരുന്നു.

പാലത്തിൽനിന്ന് ചാടിയതിന് സ്ഥിരീകരണമില്ലാത്തതിനാൽ തിങ്കളാഴ്ച കാര്യമായ തിരച്ചിൽ നടത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച അഗ്നിരക്ഷാസേന സ്‌കൂബ ടീം ഉൾപ്പെടെ തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ബിന്ധു നൂറനാട് സി.ബി.എം. ഹൈസ്‌കൂളിൽ അധ്യാപികയാണ്. സഹോദരി ദേവനയാണ്.

Related Articles

Back to top button