
പാലക്കാട്: പാലക്കാട് വണ്ടിത്താവളത്ത് സ്വന്തം കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മുൻ സൈനികൻ മരിച്ചു. വടതോട് പൂളക്കാട് സ്വദേശി ആർ. മുരുകദാസ് (61) ആണ് മരിച്ചത്. ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ഞാറ്റടിക്ക് വെള്ളം തിരിക്കുന്നതിനായി കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് വൈദ്യുതി വേലിയിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് തടയുന്നതിനായി സ്ഥാപിച്ചതായിരുന്നു ഈ വൈദ്യുതി വേലി. സംഭവത്തിൽ പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.





