യാത്രക്കാരുടെ ജീവൻ പണയംവച്ച് മൊബൈലിൽ ചാറ്റ്, അപകട രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരിക്ക് വധഭീഷണിയെന്ന് പരാതി

ചങ്ങനാശ്ശേരി: മൊബൈലിൽ ചാറ്റ് ചെയ്ത് സ്വകാര്യബസ് ഓടിച്ചു. ചങ്ങനാശ്ശേരി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവർക്കെതിരെയാണ് ആരോപണം. അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട യാത്രക്കാരിയെ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയാണ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഇടയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, പിറ്റേന്ന് ഇതേ ബസിൽ യാത്ര ചെയ്ത യുവതിയെ ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വീട്ടിൽ കയറി വകവരുത്തുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസും നടപടികൾ ആരംഭിച്ചു. വ്യാഴാഴ്ച ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർക്ക് ആർടിഒ നോട്ടീസ് നൽകിയിട്ടുണ്ട്.
കോട്ടയത്ത് സ്വകാര്യബസിന്റെ അമിതവേഗത്തെ തുടർന്നുണ്ടായ അപകടത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു സ്വകാര്യബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.





