
സിക്കിം: നാംചി ജില്ലയിൽ ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്.എൻ.എച്ച്.പി.സി സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്ന അനീഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കാണാതായവർക്കായി നടന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സമർദുങ്ങിലെ ഹെഡ് റേസ് ടണലിനുള്ളിൽ വൻ സ്ഫോടനം ഉണ്ടായത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തെ തുടർന്ന് തുരങ്കത്തിനുള്ളിൽ വിഷവാതകവും കനത്ത പുകയും നിറഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമായി.അപകടസമയത്ത് 27 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേർ കരാർ കമ്പനിയായ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരും ആറ് പേർ എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരുമായിരുന്നു.അപകടത്തിൽ 20-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ബുധനാഴ്ച രാത്രിയോടെ ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. അതിനുശേഷം തുടർന്ന തെരച്ചിലാണ് അനീഷ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷന്റെ പ്രധാന പദ്ധതികളിൽ ഒന്നാണ് ടീസ്റ്റ സ്റ്റേജ് VI.
അപകടത്തെ തുടർന്ന് പദ്ധതിയുടെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ.എച്ച്.പി.സി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.അനീഷിന്റെ മരണവിവരം കേട്ട് പാമ്പാടിയിലെ വീട്ടിൽ ദുഃഖാചരണമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി എൻ.എച്ച്.പി.സി അധികൃതർ അറിയിച്ചു.





