Alappuzha

ആലപ്പുഴയില്‍ വയോധികനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; ലൈഫ് വീടിന് നമ്പരും പണവും കിട്ടാൻ വൈകിയതിൽ വിഷമത്തിലെന്ന് ബന്ധുക്കൾ

Please complete the required fields.




ആലപ്പുഴ: അരൂരിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ (71) ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ നൽകാൻ വൈകുന്നതിലുള്ള മാനസിക വിഷമത്തിലാണ് സുബ്രമണ്യൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തീരദേശ പരിപാലന നിയമത്തിന്റെ (സിആർഇസഡ്) പരിധിയിൽ വരുന്നതിനാലാണ് വീട്ടുനമ്പർ നൽകാൻ തടസ്സമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. വീടിന് നമ്പർ ലഭിക്കാത്തതിനാൽ ലൈഫ് പദ്ധതിയുടെ അവസാന ഗഡുവായ ഒരു ലക്ഷം രൂപ സുബ്രമണ്യന് കിട്ടിയിരുന്നില്ല.ഇതിനായി ഒട്ടേറെ തവണ ഇദ്ദേഹം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിരുന്നു. ലൈഫ് വീടിന്റെ പണി പൂർത്തിയായെങ്കിലും തുക കിട്ടാത്തതും, സ്വന്തം രോഗാവസ്ഥയും, ഭാര്യയ്ക്കുണ്ടായ അപകടവും സുബ്രമണ്യനെ കടുത്ത മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നു.ത്വക്ക് രോഗബാധിതനായിരുന്ന സുബ്രമണ്യന് രണ്ടാഴ്ചയായി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ വീണ്ടും ആശുപത്രിയിൽ പോകാനിരിക്കെയാണ് സുബ്രമണ്യനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കെട്ടിടത്തിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button