Alappuzha

ഷിഗെല്ല ഭീഷണി; കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

Please complete the required fields.




ആലപ്പുഴ: ജില്ലയിൽ ഷിഗെല്ലയും വയറിളക്കരോഗങ്ങളും വ്യാപകമാകുന്നതിന് പിന്നിൽ മലിനമായ കുടിവെള്ളമാണെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിലും കുഴൽക്കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കുടിവെള്ളത്തിന്റെ സുരക്ഷയിൽ വലിയ ആശങ്കയാണ് ഉയരുന്നത്.

പരിശോധനാഫലം ഞെട്ടിക്കുന്നത് :ഷിഗെല്ല വ്യാപകമായ ആറാട്ടുപുഴയിൽ നിന്ന് ശേഖരിച്ച 17 ജലസാമ്പിളുകളിൽ എട്ടെണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂടാതെ ആലപ്പുഴ പഴവീട് ആർ.ഒ. പ്ലാന്റിൽ നിന്നുള്ള സാമ്പിളിലും സമാനമായ സ്ഥിതി കണ്ടെത്തി.
തെക്കൻ മേഖലയായ ആറാട്ടുപുഴയിലും വടക്കൻ മേഖലയായ കോടംതുരുത്തിലും ഷിഗെല്ല സ്ഥിരീകരിച്ചത് സാഹചര്യം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

രോഗവ്യാപനത്തിന് പിന്നിൽ: പൈപ്പുകളിലെ പൊട്ടലുകളും ലീക്കേജുകളുമാണ് കുടിവെള്ളത്തിൽ മാലിന്യം കലരാൻ പ്രധാന കാരണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പലയിടത്തും പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവ കണ്ടെത്താനോ പരിഹരിക്കാനോ ജല അതോറിറ്റിക്ക് സാധിക്കുന്നില്ല.കൊമ്മാടി ജങ്ഷന് പടിഞ്ഞാറുള്ള വീടുകളിൽ ആഴ്ചകളായി കലക്കവെള്ളമാണ് ലഭിക്കുന്നത്.

കണക്കുകൾ സൂചിപ്പിക്കുന്നത്:വയറിളക്കരോഗികൾ: ജൂൺ ഒന്നുമുതൽ 12 വരെ മാത്രം 1,786 പേർ ചികിത്സ തേടി. ശരാശരി 50 പേർ ചികിത്സ തേടിയിരുന്ന സ്ഥാനത്ത് മഴ തുടങ്ങിയതോടെ ഇത് പ്രതിദിനം 200-ഓളം പേരായി ഉയർന്നു.

ഷിഗെല്ല ആശങ്ക: ആറാട്ടുപുഴയിൽ നൂറിലേറെ പേരാണ് മലത്തിലൂടെ രക്തം പോകുന്നതുൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ഗൗരവത്തോടെ കാണണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

മഞ്ഞപ്പിത്തം: കുടിവെള്ളത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-എ രോഗവും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നടപടിക്രമങ്ങൾ : രോഗവ്യാപനം തടയാൻ വിവിധയിടങ്ങളിൽ ജല അതോറിറ്റി ക്ലോറിനേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളമുള്ള കുടിവെള്ള സ്രോതസ്സുകൾ വരുംദിവസങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കും.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും, വയറിളക്ക ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Related Articles

Back to top button