വിശ്വസിക്കാനാവാതെ ബസുദേവ്; ജോലികഴിഞ്ഞ് സാധനങ്ങളുമായെത്തിയപ്പോൾ കണ്ടത് ജീവനറ്റ ഭാര്യയെയും കുഞ്ഞിനെയും
പാലക്കാട്:ഒന്നര വയസ്സുള്ള കുഞ്ഞുമകന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടുകൊണ്ടാണ് ബസുദേവ് താന്‍ താമസിക്കുന്ന ഷെഡ്ഡില്‍നിന്ന് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ജോലിക്കു പോയത്.മീനും രണ്ടുമൂന്നു ദിവസത്തേക്കുള്ള പച്ചക്കറിയും വാങ്ങി ഉച്ചയോടെ തിരിച്ചെത്തിയപ്പോഴുള്ള കാഴ്ച ചങ്ക് തകര്‍ക്കുന്നതായിരുന്നു. ഭാര്യയും മകനും ജലസംഭരണി തകര്‍ന്ന് ജീവനറ്റ് കിടക്കുന്നു.എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലായില്ല ബസുദേവിന്. രണ്ടുപേരുടെയും ശരീരങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ ഒന്നും പറയാനാകാതെ മണ്ണു പുരണ്ട ശരീരവുമായി അയാള്‍ മുറിക്കുള്ളില്‍ നിശ്ചലനായി ഏറെനേരമിരുന്നു, കൈയില്‍ മകന്റെ കുഞ്ഞുടുപ്പുകളുമായി.
ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ ഭാര്യയുടെയും മകന്റെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍, നിയന്ത്രണംവിട്ട് അയാള്‍ പൊട്ടിക്കരഞ്ഞു.
മൂന്നുപേരുള്ള ഒരു കുടുംബത്തിന് താത്കാലികമായി കഴിയാവുന്ന ഒരു ഷെഡ്ഡിലായിരുന്നു ആ കൊച്ചുകുടുംബം താമസിച്ചിരുന്നത്. ഫാമിലെ പശുത്തൊഴുത്തിനോടു ചേര്‍ന്നുതന്നെയായിരുന്നു ഷെഡ്ഡ്.അയയില്‍ മകന്റെ കുഞ്ഞുടുപ്പുകള്‍ വിരിച്ചിട്ടിരിക്കുന്നു. പുറത്ത് മകന്റെ രണ്ടു ജോടി ചെരിപ്പുകളും കാണാം. തകര്‍ന്ന ജലസംഭരണിക്കു സമീപം മണ്ണ് രക്തംപുരണ്ടു കിടപ്പുണ്ട്. സമീപത്ത് ഭാര്യ ഷൈമിലിയുടെ ചെരിപ്പും തലമുടിയില്‍ ഇടുന്ന ക്ലിപ്പും ചിതറിക്കിടക്കുന്നു.
മൂന്നുവര്‍ഷം മുമ്പാണ് ബംഗാള്‍ സ്വദേശിയായ ബസുദേവ് ജോലി തേടി ചെര്‍പ്പുളശ്ശേരിയില്‍ എത്തുന്നത്. നേരത്തേ കരുമാനാംകുറിശ്ശിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.ആറുമാസത്തിനടുത്തായി വെള്ളിനേഴിയിലെ പശുഫാമിലേക്കു മാറിയിട്ട്. ഇവിടെ ആറു പശുക്കളുണ്ട്. അവയെ പരിപാലിക്കുന്നതിനും പാല്‍ കറക്കുന്നതിനുമാണ് ഫാം ഉടമ ഇവരെ കൊണ്ടുവന്നത്. മൂന്നുമാസം മുമ്പാണ് ബസുദേവും കുടുംബവും നാട്ടില്‍ പോയിവന്നത്. ഇനി നാട്ടിലേക്ക് മടങ്ങാന്‍ ബസുദേവ് ഒറ്റയ്ക്കാണ്.