ദൈവത്തിൻ്റെ കരങ്ങളുമായി അവർ; പെരിങ്ങത്തൂരിൽ കുളത്തിൽ മുങ്ങിത്താണ കുട്ടികളെ രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ

പാനൂർ ; കിടഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകരായി രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ.കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനെയും കൂവ്വയിൽ സമീറിന്റെ മകൻ മുഹമ്മദ് സയാനെയുമാണ് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കിടഞ്ഞിയിലെ ചെറുവണ്ടിയിൽ ഹരീഷിന്റെ മകൻ ഹൃദുനന്ദും പന്തക്കൽ താഴെ കുനിയിൽ മഹിജയുടെ മകൻ ശ്രീഹരിയും ചേർന്ന് അസാമാന്യ ധൈര്യത്തിൽ രക്ഷിച്ചത്.
എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഹ്നഫും കിടഞ്ഞി യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സയാനും കഴിഞ്ഞ ഞായറാഴ്ച അവധി ദിനത്തിൽ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു.
കുളത്തിന്റെ പരിസരത്തു കളിച്ചു കൊണ്ടിരുന്ന ഹൃദു നന്ദും, ശ്രീഹരിയും ശബ്ദം കേട്ട് ഓടിയെത്തി. മറ്റൊന്നും ചിന്തിക്കാതെ കുളത്തിൽ ചാടി മുങ്ങി താഴുകയായിരുന്ന അഹ്നഫിനെയുംസയാനെയും ഇരുവരും ചേർന്ന് കരക്കെത്തിക്കുകയായിരുന്നു.
തങ്ങൾ ചെയ്ത ധീര പ്രവൃത്തിയെ കുറിച്ച് ഇരുവരും ആരോടും പറഞ്ഞില്ലെങ്കിലും, പിന്നീടാണ് നാടറിഞ്ഞത്. കിടഞ്ഞി മഹല്ല് കമ്മിറ്റി ഒരുക്കിയ ആദരിക്കൽ ചടങ്ങിൽ ഹൃദു നന്ദിനെയും, ശ്രീഹരിയെയും അനുമോദിച്ചു.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ ഇരുവർക്കും അയ്യായിരം രൂപ കേഷ് അവാർഡ് പ്രത്യേകമായി നൽകി. കൂടെ പ്രായപൂർത്തിയായാൽ ഒരു വിനോദയാത്രയും വാഗ്ദാനം ചെയ്തു.
ഉദ്ഘാടന ചടങ്ങിനത്തിയപ്പോഴാണ് സൈനുൽ ആബിദീൻ വിദ്യാർത്ഥികൾ ചെയ്ത ധീരപ്രവൃത്തിയെ കുറിച്ച് അറിയുന്നത്. തങ്ങളുടെ ജീവൻ പോലും വകവെയ്ക്കാതെ വിദ്യാർത്ഥികളെ രക്ഷിച്ച ഇരുവരെയും സൈനുൽ ആബിദ് ചേർത്ത് പിടിക്കുകയായിരുന്നു.





