Kannur

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയിൽ

Please complete the required fields.




കണ്ണൂർ : പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ബിഎംഎച്ചിലെ അനസ്തേഷ്യ ഡോക്ടർ. തലശ്ശേരി കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുഞ്ഞിന് അനസ്തേഷ്യ നൽകിയ ഡോക്ടറെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കുഞ്ഞിന്റെ മരണത്തിൽ ആശുപത്രി ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ നിർണായക വിലയിരുത്തൽ. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യ (1.5) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റതിനെ തുടർന്നാണ് കുഞ്ഞിനെ രാവിലെ 10.15-ന് ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി വൈകിട്ട് 4.15-ന് കുഞ്ഞിന് ജനറൽ അനസ്തേഷ്യ നൽകി. ഇതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമായി.

തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ ദേവാൻഷ് മരിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ ബോർഡ് യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും ഒന്നര വയസ്സുള്ള കുഞ്ഞിന് ജനറൽ അനസ്തേഷ്യ നൽകേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ബോർഡ് വിലയിരുത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ അതിന് ആവശ്യമായ മതിയായ സൗകര്യങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നോ എന്നതിലും സംശയം ഉയരുന്നുണ്ട്.ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് ശുപാർശ നൽകാമെന്നും ബോർഡ് അഭിപ്രായപ്പെട്ടു.

മൂന്ന് ദിവസത്തിനകം റിപ്പോർട്ട് പൊലീസിന് കൈമാറും. അതേസമയം ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായത് ശ്രദ്ധേയമായി. യോഗത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ ഡിഎംഒ നൽകിയ അനുമതിയെ പ്ലീഡർ എതിർത്തതാണ് തർക്കത്തിന് കാരണം.കുഞ്ഞിന്റെ മരണത്തിൽ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പൊലീസ് ഇനി മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കും

Related Articles

Back to top button