ErnakulamTop News

‘നോക്കുകൂലി നാണക്കേട്; നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ പറഞ്ഞാൽ പോര’; സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Please complete the required fields.




കൊച്ചി: ഐഎസ്ആർഒ കാർഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയനുകള്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ യൂണിയനുകള്‍ നിയമപരമായ മാര്‍ഗം തേടണം. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. തൊഴിലും അവകാശവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണെന്നും കോടതി നിർദേശിച്ചു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ മടിക്കുന്ന സാഹചര്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളം വ്യവസായസൗഹൃദമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളിൽ പറ‍ഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സ‍ർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ വരികയുള്ളൂ. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമർശനം.

ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ കാര്യങ്ങൾ സംഘട്ടനത്തിലേക്ക് പോകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂണിയനുകള്‍ നിയമം കൈയിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിന് എന്ന് കോടതി ചോദിക്കുന്നു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നു എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് പരിഗണിക്കവേ പറഞ്ഞു.

2017ൽ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 2018 ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോൾ കേസുകൾ ഇതിൽ കൂടുതലുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാൽ ഇത് മനസിലാകും. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നു എന്ന് ഡിജിപി ഉറപ്പ് വരുത്തണം എന്ന് കോടതി നിർദ്ദേശിച്ചു. കേസ് 27ലേക്ക് മാറ്റി.

സെപ്റ്റംബർ അഞ്ചാം തീയതിയാണ് തിരുവനന്തപുരം തുമ്പ വി എസ് എസ് സിയിലേക്ക് ഉപകരണവുമായി എത്തിയ കാർഗോ വാഹനം ഒരു കൂട്ടം പ്രദേശവാസികൾ തടഞ്ഞത്. ഉപകരണത്തിന്റെ കയ്യറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സ്ഥലത്ത് സംഘടിച്ചത്.

Related Articles

Leave a Reply

Back to top button