മലപ്പുറം: കെ.ടി ജലീൽ ആരോപിച്ച ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. kunhalikutty confirms ED raid
ഇ.ഡി എത്തിയത് ചന്ദ്രികാ പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാലാരിവട്ടം പാലം കമ്മീഷൻ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങൾ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മകനെതിരായ കെ.ടി ജലീലിന്റെ ആരോപണത്തോടും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തന്റെ മകൻ നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആർ നഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.ടി ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ലീഗിന്റേയും സ്ഥാപനങ്ങളുടേയും മറവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കാൻ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും ജലീൽ ആരോപിച്ചു. എആർ നഗർ ബാങ്കിൽ നിന്ന് 110 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയിൽ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണെന്നും ജലീൽ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി അയച്ച നോട്ടിസിന്റെ പകർപ്പ് കെ.ടി ജലീൽ പുറത്തുവിട്ടു. പാണക്കാട് തങ്ങൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നൽകി . എന്നാൽ ഹാജരാകാത്തതിനാൽ ഇ.ഡി പാണക്കാട്ടെത്തിയെന്നും കെ.ടി ജലീൽ ഇന്ന് വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവർത്തനം ആണെന്നും കെ.ടി ജലീൽ പറഞ്ഞിരുന്നു.