ഞാൻ സഖാവാണ്, തോറ്റാലും ജയിച്ചാലും പാർട്ടിക്കൊപ്പം’; തിരൂരിലെ എൽ.ഡി.എഫ് പരാജയം: വാക്കുപാലിക്കാൻ തല മൊട്ടയടിച്ച് കുട്ടി സഖാവ്, വീഡിയോ കോളുമായി എം.വി. ഗോവിന്ദൻ

മലപ്പുറം: രാഷ്ട്രീയത്തിലെ വാശിയേറിയ പന്തയങ്ങൾ മുതിർന്നവർക്കിടയിൽ മാത്രമല്ലെന്ന് തെളിയിക്കുകയാണ് തിരൂർ സ്വദേശിയായ എട്ടു വയസ്സുകാരൻ ഷഹാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് ഷഹാൻ തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ പ്രിയ സ്ഥാനാർത്ഥിക്ക് വിജയിക്കാനായില്ലെങ്കിലും, പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിച്ച് മാതൃകയായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.
ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച് പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എൽഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.
വാർഡിൽ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും പാർട്ടിക്കൊപ്പമുണ്ടാകുമെന്നും കുട്ടി സഖാവ് പറയുന്നു. ഈ വാക്കുകൾ സിപിഎമ്മിന്റെ നേതാക്കൾ വരെ ഏറ്റെടുത്തിരിക്കുകയാണ്.
എംഎൽഎ വിജിനടക്കമുള്ളവർ വീഡിയോ പങ്കുവെക്കുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വിളിക്കുകയും ചെയ്തു. ബാലസംഘം ഭാരവാഹികളും സിപിഎം ഏരിയാ കമ്മിറ്റി അംഗം സഖാവ് യു. സൈനുദ്ദീനും നേരിട്ടെത്തി ഈ കൊച്ചു സഖാവിനെ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.





