Malappuram

മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി; രണ്ടരവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Please complete the required fields.




മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ കാട്ടുപന്നിയിൽ നിന്ന് പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തടത്തിപ്പറമ്പ് സ്വദേശി അലവിയുടെ വീട്ടിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അടുക്കളഭാഗത്ത് വീട്ടുകാർ സംസാരിച്ചുനിൽക്കുന്നതിനിടെ റോഡിലൂടെയെത്തിയ പന്നി നേരെ വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

അലവിയുടെ മകൻ ഫവാസിന്റെ രണ്ടരവയസ്സുള്ള മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് പന്നി പാഞ്ഞെത്തിയത്. ഉടൻതന്നെ ഫവാസിന്റെ അമ്മാവൻ അബ്ദുൽ ഹക്കീം കുട്ടിയെ പുറത്തെടുക്കുകയും, വാതിൽ പുറത്തുനിന്ന് അടയ്ക്കുകയും ചെയ്തു.

തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് വാർഡ് കൗൺസിലർ പി. ഷംസിയ ടീച്ചർ നഗരസഭ അധികൃതരെ ബന്ധപ്പെട്ടു. നഗരസഭയുടെ നിർദ്ദേശപ്രകാരം പൊതുപ്രവർത്തകൻ സാലിം മഞ്ചേരി ഷൂട്ടർമാരെ സ്ഥലത്തേക്ക് വരുത്തുകയായിരുന്നു. ഷൂട്ടർമാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവർ സ്ഥലത്തെത്തി ജനൽപാളി തുറന്ന് മുറിക്കുള്ളിലുണ്ടായിരുന്ന പന്നിയെ വെടിവെച്ചുകൊന്നു. പിന്നീട് നാട്ടുകാർ ചേർന്ന് പന്നിയുടെ ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചുമൂടി.

അതേസമയം, ദിവസങ്ങൾക്ക് മുമ്പ് ഒതുക്കുങ്ങലിൽ വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് തെരുവുനായ അകത്തുകയറി തൊട്ടിലിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറിയിരുന്നു. വീടുകൾക്കുള്ളിലേക്ക് പോലും വന്യജീവികളും തെരുവുനായ്ക്കളും ആക്രമണകാരികളായി കയറുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Related Articles

Back to top button