ഇത് വിധേയരുടെ ക്യാബിനറ്റോ പിണറായിയുടെ ക്യാബിനറ്റോ അല്ല; മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ സ്വാഭാവികമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രിസഭാ യോഗത്തിൽ പല വിഷയങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. എന്നാൽ എല്ലാ കാര്യങ്ങളിലും ഒടുവിൽ തീരുമാനത്തിലെത്തിയെന്നും, ഇത് വിധേയരുടെ ക്യാബിനറ്റോ പിണറായിയുടെ ക്യാബിനറ്റോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണെന്നും, മുഖ്യമന്ത്രിയാണ് ഏകപക്ഷീയമായി നടപ്പാക്കുന്നതെന്ന തരത്തിലുള്ള വാർത്തകളും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ജിഎൻഎ കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങിയെന്ന വാർത്തയും മുഖ്യമന്ത്രി തള്ളി. കരാർ കൊടുത്തിട്ടില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ബിൽ ആയിരുന്നു ചർച്ചയിലെ പ്രധാന വിഷയം. പിണറായിയുടെ കാലത്ത് എത്ര ചർച്ച നടന്നുവെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി, തർക്കം നടന്നെങ്കിലും എല്ലാത്തിലും തീരുമാനമായെന്ന് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ തള്ളിപ്പറയില്ല, കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറു മാസമായെന്നും ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദർശനി, വയോജന വകുപ്പ് നേട്ടങ്ങൾ, കിഫ്ബിയെ കുറിച്ചുള്ള പഠനം, മിഷൻ സമുദ്രയ്ക്കായി നിയമം നടപ്പാക്കൽ എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമാവധി കേന്ദ്ര പണം നേടിയെടുക്കാനാണ് നടപടികളെന്നും, ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറിൽ തുടങ്ങുമെന്നും അറിയിച്ചു.
ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും, കേരളത്തിൽ വലിയ സർവകലാശാലകൾ എത്തിക്കാൻ നടപടികൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 588 പദ്ധതികൾ നൂറു ദിവസം കൊണ്ട് പ്രഖ്യാപിച്ചെന്നും അതിൽ 568 പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





