Kollam

കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു; ജ്വല്ലറിയിൽ വിറ്റ് പണവുമായി മടങ്ങിയ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Please complete the required fields.




കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പകൽ 11-ഓടെ കൊല്ലക കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന മോഷണം നടന്നത്.

കുട്ടി വീടിനകത്തിരുന്നു കളിക്കുന്ന സമയത്ത് അമ്മ ശ്യാമ പുറത്തു തുണി അലക്കുകയായിരുന്നു. ഈ സമയം വീടിനുള്ളിൽ എത്തിയ ഹസീന, ശ്യാമ കാണാതെ തുറന്നുകിടന്ന അടുക്കളവാതിൽ വഴി അകത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന അരഞ്ഞാണവും 9 ഗ്രാം തൂക്കം വരുന്ന മാലയും അതിവിദഗ്ധമായി ഊരിയെടുത്ത് മുൻവാതിൽ തുറന്ന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

കുറച്ചു സമയത്തിന് ശേഷം കുട്ടിയുടെ സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് വീട്ടുകാർ ചവറ പൊലീസിൽ പരാതി നൽകി. വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വഴിയാത്രക്കാരോട് ചോദിച്ചും നടത്തിയ ശക്തമായ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി മടങ്ങിവരുന്നതിനിടയാണ് ഹസീന പൊലീസിന്റെ വലയിലായത്.

നേരത്തേ സതീഷിന്റെ വീട്ടുകാരുമായി ഹസീനയ്ക്ക് മുൻപരിചയമുണ്ടായിരുന്നു. അന്ന് ഇവർ ഇവരുടെ കയ്യിൽ നിന്നും സ്വർണം പണയം വെക്കാനായി വാങ്ങുകയും, പിന്നീട് വീട്ടുകാർ പലതവണ നിർബന്ധിച്ചതിനെ തുടർന്ന് അത് മടക്കി നൽകുകയും ചെയ്തിരുന്നു. പ്രതിയായ ഹസീനയെ കോടതി റിമാൻഡ് ചെയ്തു. ചവറ എസ്.എച്ച്.ഒ സുജോ ജോർജ് ആന്റണി, എസ്.ഐ ബി. ഓമനക്കുട്ടൻ, ഗ്രേഡ് എസ്.ഐ ഷാജിമോൻ, എസ്‌.സി.പി.ഒ വി. പ്രദീപ്, സി.പി.ഒ ആര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button